2017, ജൂൺ 21, ബുധനാഴ്‌ച


ഇന്ന് ജൂണ്‍ 21. ലോക സംഗീത ദിനം*
സംഗീതമുണ്ടായ കാലം അറിയില്ലെങ്കിലും സംഗീതത്തിനൊരു ദിനമുണ്ടായത് *1976*ലാണ്. അമേരിക്കന്‍ സംഗീതജ്ഞനായ *ജോയല്‍ കോയന്‍* ആണ് ഈ ആശയം അവതരിപ്പിക്കുന്നത്.
*സര്‍വം സംഗീതം*
*രാഗതാള പദാശ്രയമായത്* എന്ന് സംഗീതത്തെ ഏറ്റവും ചുരുക്കി വിളിക്കാം. സാഹിത്യത്തിനു രാഗവും താളവും നല്‍കുമ്പോള്‍ സംഗീതമുണ്ടാകുന്നു. നമ്മള്‍ സംസാരിക്കുന്നതു സംഗീതമാകുന്നില്ല. എന്നാല്‍ ,വെറുതേ ഏതെങ്കിലും വരികള്‍ മൂളിയാല്‍ അതു സംഗീതമാവുന്നു. വാക്കുകളിലേക്കു രാഗവും താളവും കൃത്യമായ അളവില്‍ ചാലിച്ചെടുക്കുമ്പോള്‍ സംഗീതം ജനിക്കുന്നു. സംഗീതത്തിന്‍റെ കാലം നിര്‍ണയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യര്‍ ചിട്ടപ്പെടുത്തുന്നതിനു മുമ്പു തന്നെ സംഗീതമുണ്ട്. മുളം തണ്ടില്‍ നിന്നുയരുന്നതും ചില പക്ഷികള്‍ ചിലയ്ക്കുന്നതുമൊക്കെ സംഗീതം തന്നെ. സ്വരസ്ഥാനങ്ങള്‍ നിര്‍ണയിച്ചു രാഗങ്ങളിലേക്കു ചിട്ടപ്പെടുത്തിയെടുക്കുക വഴി ഓര്‍ത്തുവയ്ക്കാനും കൈമാറാനും കഴിയുന്ന സംഗീതമുണ്ടായി. എല്ലാവരും പാടുന്നതു നല്ല പാട്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടില്ലേ..?
എന്താകും കാരണം..??
*ശ്രുതി, താളം, ഭാവം* എന്നിവ ചേര്‍ന്നു വരുമ്പോള്‍ മാത്രമേ നല്ല സംഗീതമുണ്ടാവുകയുള്ളു. ലോകസംഗീതത്തെ *പാശ്ചാത്യം* എന്നും *പൗരസ്ത്യം* എന്നും പൊതുവായി തിരിക്കാം. ഭൂമിശാസ്ത്രപരമായ വേര്‍തിരിവിനുപരി സംഗീത രീതികളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.
*പാശ്ചാത്യ സംഗീതം*
*പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സംഗീതം* പൊതുവെ പാശ്ചാത്യ സംഗീതം എന്നറിയപ്പെട്ടു. പ്രധാനമായും യൂറോപ്പിലുണ്ടായിരുന്ന സംഗീത ശാഖകളാണ് ഇതിനു കീഴില്‍ വന്നത്. അവിടങ്ങളില്‍ തന്നെ പ്രാദേശികമായി വ്യത്യാസങ്ങളുണ്ട്. *സ്വരം ,വേഗം ,താളം* ഒക്കെ നൊട്ടേഷനായി എഴുതിവച്ചാണ് ഇത് അവതരിപ്പിക്കുക. പൗരസ്ത്യ രീതിയില്‍ ഈ നൊട്ടേഷന്‍ ഇല്ല. അവരവരുടെ ഭാഷയിലാണ് സ്വരങ്ങള്‍ എഴുതുക. വലിയ സംഗീത ഉപകരണങ്ങളുടെ സഹായത്താലാണ് പാശ്ചാത്യ സംഗീതം വേദിയിലെത്തിയത്.
*വയലിന്‍, പിയാനോ, സാക്സഫോണ്‍* തുടങ്ങിയവയുടെ അകമ്പടി കൂടിയാവുന്നതോടെ ഇതു പൂര്‍ണ്ണഭാവത്തില്‍ അവതരിപ്പിക്കാനാകും.
*പൗരസ്ത്യ സംഗീതം*
*ഏഷ്യന്‍ സംഗീതം* എന്നു കൂടി ഇതിനു പേരുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത സംഗീത രീതികള്‍ ഇതില്‍ പെടും. *ഇന്ത്യന്‍ സംഗീതം* ഇതില്‍ പ്രധാനമാണ്.
*ചൈന, ജപ്പാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ* തുടങ്ങിയ ഇടങ്ങളിലെ സംഗീതവും ഇതില്‍ പെടുന്നു. പാശ്ചാത്യ സംഗീതവും പൗരസ്ത്യ സംഗീതവും കൂടിച്ചേര്‍ന്നു പിന്നീടു *ഫ്യൂഷന്‍* എന്ന മറ്റൊരു ശാഖയും ഉണ്ടായി.
*സംഗീതം ഇന്ത്യയില്‍*
_കര്‍ണാടക സംഗീതം_
ദക്ഷിണേന്ത്യയില്‍ ഉടലെടുത്ത ശാസ്ത്രീയ സംഗീതശാഖയാണ് കര്‍ണാടക സംഗീതം. ആയിരക്കണക്കിനു വര്‍ഷം പ്രായമുണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. *സ,രി,ഗ,മ,പ,ധ,നി* എന്നീ ഏഴു സ്വരസ്ഥാനങ്ങളുപയോഗിച്ചാണ് ലക്ഷക്കണക്കിനു പാട്ടുകള്‍ ഉണ്ടാക്കുന്നത്.
ഈ സ്വരസ്ഥാനങ്ങളുപയോഗിച്ച് സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ കൃതികളാണ് സംഗീതകച്ചേരികളിലും മറ്റും അവതരിപ്പിക്കുന്നത്. പല കാലങ്ങളിലായി പലരും ചിട്ടപ്പെടുത്തിയ കൃതികളില്‍ മിക്കവയും എഴുതി വയ്ക്കപ്പെട്ടവയായിരുന്നില്ല. ഇങ്ങനെ കൃതികള്‍ ചിട്ടപ്പെടുത്തുന്നവരെ *വാഗേയന്‍മാര്‍* എന്നു പറയുന്നു.
*ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍* എന്നിവരെ കര്‍ണാടക സംഗീതത്തിലെ *ത്രിമൂര്‍ത്തികള്‍* എന്നു വിളിക്കുന്നു.
_ഹിന്ദുസ്ഥാനി സംഗീതം_
ഇന്ത്യയുടെ തനതു സംഗീത ശാഖകളില്‍ പ്രധാനമാണിത്. *വടക്കേ ഇന്ത്യന്‍* സംഗീതമാണെങ്കിലും ഇന്ത്യയില്‍ പല ഭാഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിനു വേരോട്ടമുണ്ട്. വടക്കേ ഇന്ത്യന്‍ രാജവംശങ്ങള്‍ക്കു പ്രിയപ്പെട്ടതായതിനാല്‍ രാജഭരണകാലത്തു ഹിന്ദുസ്ഥാനിയും വളര്‍ന്നു. *പേര്‍ഷ്യന്‍ ,അഫ്ഗാന്‍ ,മുഗള്‍* സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതത്തിന് അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ സംഗീതമായിരിക്കെ തന്നെ മുസ്ലീം സംഗീത ശാഖകളോട് സാമ്യം തോന്നുകയും ചെയ്യുന്നു എന്നതു ഹിന്ദുസ്ഥാനിയുടെ പ്രത്യേകതയാണ്. *ധ്രുപത്, തരാന, ഖയാല്‍, ഗസല്‍, തുമ്രി, ടപ്പ, കവ്വാലി* തുടങ്ങിയ പല കൈവരികളിലും ഒഴുകുന്നു. ഭക്തിയും പ്രണയവും തത്വചിന്തയും ഉള്‍ച്ചേരുന്ന മനോഹരമായ വരികളും ഹിന്ദുസ്ഥാനി സംഗീതത്തെ സമ്പന്നമാക്കുന്നു.
*സിനിമയിലെ സംഗീതം*
രാഗങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്. ജനകീയ സംഗീതത്തിന്‍റെ പ്രധാന കൈവഴിയാണ് സിനിമാ സംഗീതം. കര്‍ശനമായ സംഗീത നിയമങ്ങളില്‍ നിന്നു മാറി ആസ്വാദനത്തിനും ജനപ്രിയതയ്ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടാണു സിനിമാ ഗാനങ്ങള്‍ രൂപപ്പെടുത്തുന്നത്. സിനിമയിലെ വികാരങ്ങള്‍ക്ക് ശക്തി പകരുക എന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കുന്ന പാട്ടുകള്‍ പലപ്പോഴും നിയതമായ ഭാവങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കും. ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും പോപ് സംഗീതവും പാശ്ചാത്യ സംഗീതവും കലര്‍ത്തിയും പാട്ടുകളുണ്ടാകുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ