എ ആര്‍ രാജരാജവര്‍മ്മ
എ ആര്‍ രാജരാജവര്‍മ്മ
കൃതികള്‍
കൈയ്യൊപ്പ്
സംസ്കൃതകോളേജിലായിരുന്ന കാലത്ത് അവിടെ സംസ്കൃതത്തിന്നു പുറമെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ ഇതര വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുക, എല്ലാ ദരിദ്രവിദ്യാർത്ഥികൾക്കും വിദ്യാർത്ഥിവേതനം അനുവദിക്കുക, അദ്ധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിചയം ഉണ്ടാക്കുക, കൃത്യവും ആസൂത്രിതവുമായ സമയവിവരപ്പട്ടികകൾ വെച്ച് അദ്ധ്യാപനം ചിട്ടപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾ രാജരാജവർമ്മ ഏർപ്പെടുത്തി. സിലബസ് പരിഷ്കരണം നടപ്പിലാക്കാൻ ആവശ്യമായ പാഠ്യപുസ്തകങ്ങളും അദ്ദേഹം അക്കാലത്ത് വിരചിച്ചു. അഞ്ചുകൊല്ലത്തെ സേവനത്തിനുശേഷം പ്രിൻസിപ്പൽ സ്ഥാനം ഗണപതിശാസ്ത്രികളെ ഏൽപിച്ച് മഹാരാജാസ് കോളേജിലേയ്ക്ക് പോയെങ്കിലും മരിക്കുന്നതുവരെ സംസ്കൃതകോളേജിന്റെ കാര്യത്തിൽ നിതാന്തശ്രദ്ധ പുലർത്തുവാനും കഴിയുന്ന സഹായങ്ങൾ അപ്പപ്പോൾ ചെയ്തുകൊടുക്കുവാനും അദ്ദേഹം നിഷ്കർഷിച്ചുപോന്നു.
മഹാരാജാസ് കോളേജിൽ നാട്ടുഭാഷാസൂപ്രണ്ടും പിന്നീട് പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്ത് കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്തുവാൻ രാജരാജവർമ്മ ചെയ്ത യത്നങ്ങൾ എടുത്തുപറയത്തക്കതാണ്. ഇതര വകുപ്പു മേധാവികളായ വിദേശികളുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികൾക്കുകൂടി വകവെപ്പിച്ചെടുക്കാൻ ഏ.ആറിനു കഴിഞ്ഞു.
കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്ന് ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്. മാതുലനായ "വലിയകോയിത്തമ്പുരാന്റെ" വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത് ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്ന് ഏ.ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക് സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ട്; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ.ആറിനു കഴിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന നിയോക്ലാസ്സിക് പ്രവണതയ്ക്ക് തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്തിയും വിവേകവും കാണിച്ചു എന്നത് അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന് അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്. മുൻതലമുറയുടെയും പിൻതലമുറയുടെയും കാലാഭിരുചികളോട് സുദൃഢമായി ഇണങ്ങിനിൽക്കാൻ തക്കവണ്ണം തരംഗവൈവിധ്യമാർന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവർമ്മ. വൈയാകരണന്മാർ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാർ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകൻ (trend setter) ആണെന്ന് തെളിയിക്കുകകൂടി ചെയ്തു അദ്ദേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ